63 കാരനായ പുരോഹിതന്‍ 12 വയസുകാരിയെ വിവാഹം കഴിച്ചു; ഘാനയില്‍ വ്യാപക പ്രതിഷേധം

അക്ര: പശ്ചിമാഫ്രിക്കയിലെ ഘാനയില്‍ 63 കാരനായ ഒരു പുരോഹിതന്‍ 12 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ ആറാം വയസില്‍ തന്നെ ഇയാളുമായുള്ള വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു. ആചാരപരമായ ചടങ്ങില്‍ പുരോഹിതനായ നുമോ ബോര്‍കെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്‍ ആണ് വിവാഹം കഴിച്ചത്.

പ്രാദേശിക വാര്‍ത്താ ചാനലായ അബ്ലേഡ് സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ഫോട്ടോ പങ്കിട്ടുണ്ട്. വിവാഹത്തിന് നിരവധി ആളുകള്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹത്തിനെതിരെ ഘാനയില്‍ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

രാജ്യത്ത് ശൈശവ വിവാഹം നിയമവിധേയമല്ലെന്ന സാഹചര്യത്തില്‍ നിരവധി ആളുകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഈ വിവാഹം ആചാരത്തിന്റെ ഭാഗമാണെന്നും പുരോഹിതന്റെ ഭാര്യയാകാന്‍ അവളെ തെരഞ്ഞെടുത്തതാണെന്നും അതിനായുള്ള തയ്യാറെടുപ്പുകള്‍ പെണ്‍കുട്ടി നടത്തിയിട്ടുണ്ടെന്നും മതമേലധികാരികള്‍ വിശദീകരിക്കുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് തടസമൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ വാദിക്കുന്നു. നുങ്കുവ വംശത്തിലുള്ള പുരോഹിതനാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

എന്നാല്‍ വിവാദമായ വിവാഹത്തെക്കുറിച്ച് ഘാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമപരമായി ഇവിടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആണെങ്കിലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!