കൊച്ചി : വിവാദത്തെ തുടർന്ന് ഭ്രമയുഗം സിനിമയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരു മാറ്റുമെന്ന് നിർമ്മാതാക്കൾ. കുഞ്ചമൺ പോറ്റിയെന്ന പേര് മാറ്റി കൊടുമൺ പോറ്റിയെന്നാക്കാൻ സെൻസർ ബോർഡിന് അപേക്ഷ നൽകിയതായി നിർമ്മാതാക്കൾ അറിയിച്ചു.
ഇത് സംബന്ധിച്ചുള്ള അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് വിവരം.
കുഞ്ചമൺ പോറ്റിയെന്ന പേര് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കുഞ്ചമൺ ഇല്ലക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് കഥാപാത്രത്തിൻറെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലത്തെ പിഎം ഗോപിയാണ് സിനിമക്കെതിരെ കോടതിയെ സമീപിച്ചത്.
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ആണ് ഹർജിയിൽ പറയുന്നത്. മമ്മൂട്ടിയെപ്പോലൊരു നടൻ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും ഹർജിയിലുണ്ട്. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കാൻ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല.
ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂർവം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നു. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമർശങ്ങളും നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.