കൊച്ചി : തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ഇടതു സംഘടനാ നേതാവ് സി.എൻ രാമനെ നിയമിച്ചതിൽ സർക്കാരിന് തിരിച്ചടി. നിയമനം ഹൈക്കോടതി റദ്ദാക്കി. കോടതിയുമായി കൂടിയാലോചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡിസംബർ 14നായിരുന്നു രാമനെ സർക്കാർ ദേവസ്വം കമ്മീഷണറായി നിയമിച്ചത്. ഇതിന് തൊട്ട് പിന്നാലെ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയ്ക്ക് ലഭിക്കുകയായിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം കോടതി ഉത്തരവ് വന്ന (ഇന്ന് ) ബുധനാഴ്ചയാണ് അദ്ദേഹം വിരമിയ്ക്കുന്നതും.
ഇത്തരത്തിലുള്ള സ്ഥാനത്തേക്ക് ആളുകളെ നിയമിക്കുമ്പോൾ ഹൈക്കോടതിയോട് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇത് ലംഘിച്ചാണ് ദേവസ്വം കമ്മീഷണറായുള്ള രാമന്റെ നിയമനം. മതിയായ യോഗ്യതകൾ ഇല്ല. വിരമിയ്ക്കൽ ആനുകൂല്യം അടക്കം നൽകരുത് എന്നും കോടതി നിർദ്ദേശിച്ചു.