മനാമ : ഏഴു വയസ്സുകാരൻ അടക്കം പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർത്ഥികളെ പീഡിപ്പിച്ചതിന്റെ പേരിൽ ബഹ്റൈനിൽ സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ.
ബഹ്റൈൻ സ്വദേശിയായ പ്രതിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സമയം അധ്യാപകൻ തന്നെ മോശമായ രീതിയിൽ സ്പർശിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ഏഴ് വയസ്സുകാരനായ വിദ്യാർത്ഥി മാതാപിതാക്കളോട് പരാതിപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്.
ഏഴു വയസ്സുകാരന്റെ മാതാപിതാക്കൾ പരാതി നൽകിയതിന് പിന്നാലെ സ്കൂളിലെ മറ്റു ചില കുട്ടികളും കൂടി ഇയാൾക്കെതിരെ പരാതി അറിയിക്കുകയായിരുന്നു. പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് ഇയാൾ പലപ്പോഴും മോശമായി പെരുമാറിയിരുന്നതായി നിരവധി വിദ്യാർത്ഥികൾ പരാതിയുമായി എത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്കെതിരായ നിയമനടപടികൾ ആരംഭിച്ചതായും ബഹ്റൈൻ ഫാമിലി ആൻഡ് ചിൽഡ്രൻസ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് അറിയിച്ചു.
ബഹ്റൈൻ നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ആണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസിന്റെ പരിശോധനയെ തുടർന്ന് ഇരയായ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും വസ്ത്രങ്ങളിലും പ്രതിയായ അദ്ധ്യാപകന്റെ ഡിഎൻഎ അടയാളങ്ങൾ കണ്ടെത്തി. ബഹ്റൈനിലെ നിയമമനുസരിച്ച് കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതാണ്.