വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഏറ്റെടുത്തു


ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.

സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശിഖയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടർന്നാണ് നടപടി.

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കുടുംബത്തിന് ആകെയുള്ള 14 സെൻ്റ് സ്ഥലം പണയപ്പെടുത്തി 2019ൽ ബാങ്ക് വായ്പയെടുത്തിരുന്നു. പീരുമേട് താലൂക്ക് സഹകരണ കാർഷിക – ഗ്രാമ വികസന ബാങ്കിൽ നിന്നാണ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനാണ് ലോണെടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിച്ചിരുന്നത്. ആറു വയസ്സുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ കടം 7,39,000 രൂപയായി. ഈ തുകയാണ് സിപിഎം ഇടുക്കി ജില്ല കമ്മറ്റി അടയ്ക്കുന്നത്.

സ്വന്തം സ്ഥലത്ത് തുടങ്ങിയ വീടുപണിയും പാതി വഴിയിലാണ്. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീട് പൂർത്തിയാക്കണമെങ്കിൽ നാലു ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

മകള്‍ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്നവീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലായിരുന്ന മാതാപിതാക്കൾക്ക് സിപിഎം തീരുമാനം ആശ്വാസമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!