‘ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ, ചരിത്രത്തിൽ ആദ്യമായിരിക്കും’

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. ‌വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്ന് എംജി ശ്രീകുമാർ പ്രതികരിച്ചു. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ ഗായകനിൽ നിന്ന് പിഴ ഈടാക്കിയതോടെയാണ് സംഭവം ചർച്ചയായത്. “ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്.

അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല. അതുകൊണ്ട് പഞ്ചായത്ത് അധികൃതർ പറഞ്ഞ പിഴ ഞാൻ അടച്ചു. ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ എന്ന് പറയുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കുമെന്നും” എംജി ശ്രീകുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!