ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ രണ്ടിടത്തായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ബലൂചിസ്ഥാനിലെ ഗ്വാദര്‍ ജില്ലയിലുള്ള തീരദേശ മേഖലയായ പസ്‌നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. 12 പേരടങ്ങുന്ന സംഘം തീവ്രവാദികള്‍ ബസ് തടഞ്ഞ് നിര്‍ത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.
രണ്ടാമത്തെ ആക്രണം ബലൂചിസ്ഥാന്‍ പ്രവിശ്യ തലസ്ഥാനമായ ക്വെറ്റയിലാണ് നടന്നത്. പൊലീസ് വാഹനത്തിന് സമീപം ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലോച് ലിബറേഷന്‍ ആര്‍മി എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടര്‍ച്ചയായി സൈന്യത്തിനെയും മറുനാട്ടുകാരെയും ലക്ഷ്യമിട്ട് ഇവര്‍ ആക്രമണം തുടരുകയാണ്. ഇത് പാക് സൈന്യത്തിനും സര്‍ക്കാരിനും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.