കരുവന്നൂര്‍ കള്ളപ്പണക്കേസ്; കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണന്‍ എംപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടിസ് ലഭിച്ചതായി എംപിയുടെ ഓഫീസ് അറിയിച്ചു

കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ കെ രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അക്കാലത്ത് പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് വന്ന പണത്തെ കുറിച്ച് അറിയേണ്ടതിന്റെ ഭാഗമായാണ് ഇഡി വിളിപ്പിച്ചതെന്നാണ് സൂചന. ഈ മാസം 17ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും.

ഇഡിയുടെ സമന്‍സ് കിട്ടിയതായി എംപിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമന്‍സ് കിട്ടിയത്. ഇന്നലെ എംപി ഡല്‍ഹിയിലായിരുന്നു. ഇന്ന് ചേലക്കരയില്‍ എത്തിയപ്പോഴാണ് സമന്‍സ് ലഭിച്ചതെന്നും എംപിയുടെ ഓഫീസ് സെക്രട്ടറി പറഞ്ഞു. ഇത് സംബന്ധിച്ച് കെ രാധാകൃഷ്ണന്‍ അടുത്ത ദിവസം വിശദമായി മാധ്യമങ്ങളെ കാണും. നേരത്തെ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!