ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം. ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിക്കുന്നത്.
തെറ്റായ പ്രചാരണം
എന്നാൽ, ഇപ്പോൾ ഈ വാർത്തകൾ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു.
വർഷങ്ങളായി അമേരിക്കയിൽ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസിൽ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയിൽ കഴിയുന്നതെന്ന് മുൻപ് വിജയ് വ്യക്തമാക്കിയിരുന്നു. സഹോദരന്റെ കൂടെ വർഷത്തിൽ ആറ് മാസം പോയി നിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നു വെന്നുമാണ് വിജയ് വ്യക്തമാക്കിയത്. അച്ഛൻ വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്നും വിജയ് പറഞ്ഞിരുന്നു.
സിനിമകളൊക്കെ കാണാറുണ്ട്. പുതിയ പാട്ടുകളെ കുറിച്ചൊക്കെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശം നൽകാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സംഗീത ലോകത്ത് അത്ര സജീവമല്ല അദ്ദേഹം. 2022 ലാണ് അവസാനമായി അദ്ദേഹം സിനിമയിൽ പാടിയത്. ജ്യോതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഗാനം ആലപിച്ചത്.
മുൻപും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യാജവാർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് ഡയാലിസിസ് ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണെ ന്നൊക്കെയാണ് മുൻപ് പ്രചരിച്ചത്.