കണ്ണൂർ : വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനൽകി എട്ട് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്തവർക്ക് ജപ്തി ഭീഷണിയും. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്ക് രണ്ട് ദിവസം മുൻപ് ജപ്തി നോട്ടീസ് പതിച്ച മട്ടന്നൂരിലെ സനിലും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഭൂമി ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ സ്ഥലം വിറ്റ് കടം വീട്ടാനും കുടുംബത്തിന് കഴിയുന്നില്ല.
സ്വകാര്യ ബസിലെ കണ്ടക്ടറാണ് സനിൽ. കേരള ബാങ്ക് ചൊവ്വാഴ്ചയാണ് സനിലിൻ്റെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചത്. 2016ൽ ബിസിനസ് തുടങ്ങാനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 36 ലക്ഷം കുടിശ്ശികയായി. ഒരേക്കർ 23 സെന്‍റും വീടും ഇതോടെ ബാങ്ക് കൈവശപ്പെടുത്തി. ഇതിൽ നിന്ന് പത്ത് സെൻ്റ് വിറ്റാൽ തീർക്കാവുന്ന കടം മാത്രമേ തങ്ങൾക്കുള്ളൂവെന്ന് സനിൽ പറയുന്നു. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ റൺവെ വികസനത്തിന് ഈ സ്ഥലം ഏറ്റെടുക്കാമെന്ന് സർക്കാർ 2017ൽ വാക്കുകൊടുത്തതാണ്. നഷ്ടപരിഹാരം ഇനിയും കിട്ടാത്തതും ഭൂമി വിൽക്കാനാകാത്തതും കടം വീട്ടാനുള്ള സനിലിന് വഴികൾ അടച്ചു.
വിമാനത്താവളത്തിന്‍റെ തൊട്ടരികിൽ അര ഏക്കർ സ്ഥലം സനിലിന് വേറെയുണ്ട്. അതും പോക്കുവരവ് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. സർക്കാർ പറഞ്ഞു പറ്റിച്ച സ്ഥിതിയിൽ കിടപ്പാടവും നഷ്ടമാകുമെന്ന ഭീതിയിലാണ് സനിലിനും കുടുംബവും. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും ഇനിയും വൈകിയാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് സനിൽ പറയുന്നു.
നഷ്ടപരിഹാരം കിട്ടാത്തവർക്ക് ജപ്തി ഭീഷണി; കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്ത കുടുംബം പെരുവഴിയിലേക്ക്!..
