അഴിമതിയെ തൂത്തെറിയാൻ ചൂലുമായെത്തിയവർ അഴിമതിയിൽ മുങ്ങിക്കുളിച്ചോ? ഡൽഹിയിൽ ആം ആദ്മിക്ക് അടിപതറിയതിങ്ങനെ…

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുത ശിശുവായിരുന്നു ആം ആദ്മി പാർട്ടി. യുപിഎ സർക്കാരിന്റെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നയിച്ച സമരത്തിന്റെ ഉപോത്പന്നമായിരുന്നു ഡൽഹിയിലെ ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും ഗോവയിലും ഗുജറാത്തിലുമെല്ലാം ശക്തമായ വോട്ടോട്ടമുണ്ടാക്കാൻ കഴിഞ്ഞ പാർട്ടി. ഒരു ജാതിയുടെയും മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പിന്തുണയില്ലാതെ രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തുകയും ദേശീയ പാർട്ടി എന്ന പദവി സ്വന്തമാക്കുകയും ചെയ്ത ആം ആദ്മി പാർട്ടിക്കും അതിന്റെ അമരക്കാരൻ അരവിന്ദ് കെജ്രിവാളിനും ഡൽഹിയിൽ തന്നെ ചുവടു പിഴച്ചിരിക്കുന്നു. പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടു എന്നതിനൊപ്പം ആം ആദ്മി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് കെജ്രിവാൾ ഉൾപ്പെടെയുള്ളവരുടെ പരാജയമാണ്. എന്തുകൊണ്ട് ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ അധികാരം നഷ്ടമായി എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.

അഴിമതിക്കെതിരെ ശബ്ദമുയർത്തി രംഗത്ത് വന്ന ആം ആദ്മി പാർട്ടിക്കെതിരെ വൻ അഴിമതി ആരോപണങ്ങൾ ഉയർന്നതാണ് ആ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. അഴിമതിയുടെ പേരിൽ അരവിന്ദ് കെജ്രിവാൾ തന്നെ അറസ്റ്റിലാകുകയും അദ്ദേഹത്തിന് മുഖ്യമന്ത്രിപദവി രാജിവെച്ചൊഴിയേണ്ടി വരികയും ചെയ്തു. ആദ്യ സർക്കാർ നടപ്പാക്കിയ ജനപ്രിയ പദ്ധതികൾക്ക് പിന്നാലെ മറ്റ് ജനകീയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാതെ വന്നതും ആം ആദ്മി സർക്കാരിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ വിമർശകനായി മാത്രം കെജ്രിവാൾ മാറിയതോടെ ജനം ആം ആദ്മിയിൽ നിന്നും അകന്നു.

2013 ലെ ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ പരാജയപ്പെടുത്തിയാണ് അരവിന്ദ് കെജ്രിവാൾ പാർലമെന്ററി രാഷ്ട്രീയത്തിൽ അരങ്ങേറ്റം നടത്തുന്നത്. അന്ന് ഡൽഹി നിയമസഭയിലെ 70 സീറ്റുകളിൽ 28 സീറ്റുകളിൽ വിജയിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. അഞ്ചു വർഷത്തിന് ശേഷമായിരുന്നു രാജ്യതലസ്ഥാനത്ത് കെജ്രിവാളിന്റെ രാഷ്ട്രീയ വിസ്മയം. 70ൽ 67 സീറ്റിലും ജയിച്ച് ഡൽഹി മുഖ്യമന്ത്രിയായി കേജ്‍രിവാൾ അധികാരമേറ്റു. ഡൽഹിയിലെ അഴിമതി സർക്കാരിനെ തൂത്തെറിയാൻ ചൂലുമായെത്തിയ കെജ്രിവാൾ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് കൂടുതൽ ജനകീയനായി.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് വരെ വൈദ്യുതിയും ഒരു മാസം 20,000 ലീറ്റർ വരെ വെള്ളവും സൗജന്യം, സർക്കാർ സ്കൂളുകളിൽ പുതിയ ക്ലാസ് മുറികൾ തുടങ്ങി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചായിരുന്നു ആദ്യതവണ കേജ്‍രിവാൾ വോട്ടു തേടിയിറങ്ങിയത്. അഞ്ചു വര്‍ഷത്തെ നേട്ടം പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പിലും നിർണായക ശക്തിയായെങ്കിലും മൂന്നാംവട്ടം പക്ഷേ കേജ്‍രിവാളിന്റെ കണക്കുകൂട്ടലുകൾ തെറ്റി. 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിനെയും രാജ്യം ഭരിക്കുന്ന ബിജെപിയെയും അമ്പരപ്പിച്ചു കൊണ്ട് അധികാരത്തിൽ വന്ന ആംആദ്മിയുടെ പരാജയത്തിന് കാരണം ആ പാർട്ടിയുടെ നയങ്ങളും നേതാക്കളുടെ സമീപനങ്ങളും തന്നെയാണ്.

മദ്യനയ അഴിമതിക്കേസാണ് ആം ആദ്മി സർക്കാരിന്റെ ഭാവിക്ക് മേൽ കരിനിഴൽ വീഴ്ത്തിയ പ്രധാന ഘടകം. വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേജ്‌രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഈ കേസിൽ കെജ്രിവാൾ അറസ്റ്റിലായി. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. ജാമ്യം പോലുമില്ലാതെ ജയിലിൽ കിടന്ന കേജ്‍രിവാളിനെ ബിജെപി തുടർച്ചയായി ആക്രമിച്ചപ്പോൾ, അദ്ദേഹത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് എഎപി പ്രവർത്തകർ പറഞ്ഞു. ജയിലിൽനിന്നു പുറത്തിറങ്ങിയ കെജ്രിവാൾ കൂടുതൽ ശക്തനാകുകയല്ല, കൂടുതൽ ദുർബലനാകുകയാണുണ്ടായത്.

അധികാരത്തിലെത്തിയ ആദ്യ രണ്ടുതവണയും ജനപ്രിയ പദ്ധതികൾ നടപ്പിലാക്കാനാണ് കെജ്രിവാൾ ശ്രമിച്ചത്. എന്നാൽ, മൂന്നാം തവണ പുത്തൻ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ ആംആദ്മി പാർട്ടിക്കായില്ല. ആദ്യ രണ്ടു ടേമിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകിയ കേജ്‍രിവാൾ സർക്കാരിന് പക്ഷേ പുതിയ വാഗ്ദാനങ്ങളൊന്നും ജനങ്ങൾക്ക് നൽകാനായില്ല. വെള്ളം, വൈദ്യുതി സബ്സിഡി ആദ്യം വോട്ടർമാർക്ക് ആശ്വാസമായെങ്കില്‍ നടപ്പിലാക്കാതെ പോയ പല പദ്ധതികളുടെ പേരിലും കെജ്രിവാൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ബിജെപിക്കായി. രാജ്യ തലസ്ഥാനത്തെ അധികാരത്തിൽ കുറഞ്ഞൊന്നുകൊണ്ടും തൃപ്തിയാകില്ലെന്ന നിശ്ചയദാർഢ്യത്തോടെ നരേന്ദ്രമോദി തന്നെ കളത്തിലിറങ്ങുകയും ചെയ്തതോടെ ആം ആദ്മിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!