ഉരുള്‍പൊട്ടലില്‍ മരണം 19 ആയി; മരിച്ചവരില്‍ മൂന്നു കുട്ടികളും; നിരവധി പേരെ കാണാതായി

കല്‍പ്പറ്റ : വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരൽമലയിൽ നിന്നും 11 മൃതദേഹങ്ങൾ കണ്ടെടുത്തു.

ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂനിപ്പാലയില്‍ നിന്നും മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോയി. മുണ്ടക്കൈയില്‍ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസണ്‍സ് അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ മുങ്ങി.ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേന ഹെലികോപ്റ്റർ വയനാട്ടിലെത്തും. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട് പാലക്കാട് ഇരട്ടക്കുളത്തിന് സമീപം പയ്യക്കുണ്ടില്‍ ഉരുള്‍പൊട്ടലുണ്ടായി. മംഗലം ഐടിസി പരിസരം വെള്ളത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!