ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ഗണ്‍മാന്‍ ഓടി രക്ഷപ്പെട്ടു

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ശിവസേന നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സന്ദീപ് ഥാപ്പര്‍ എന്ന ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നേതാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലുധിയാന സിവില്‍ ഹോസ്പിറ്റലിനു സമീപത്ത് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

സിഖുകാര്‍ക്കെതിരെ സന്ദീപ് നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രകോപിതരായവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആക്രമണത്തെ ചെറുക്കാതെ രക്ഷപ്പെട്ട ഗണ്‍മാനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിഹാംഗുകള്‍ എന്ന് അറിയപ്പെടുന്ന സിഖ് വിഭാഗത്തിലെ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

സുരക്ഷാഭീഷണിയുള്ളതിനാല്‍ ഇയാള്‍ക്കൊപ്പം ഗണ്‍മാന്‍ ഉണ്ടായിരുന്നു. സ്‌കൂട്ടറില്‍ വരുമ്പോഴായിരുന്നു സന്ദീപിനുനേരെ ആക്രണമുണ്ടായത്.

തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ വരുന്ന സന്ദീപിനെ മൂന്നുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുന്നതും വടിവാളിനു സമാനമായ ആയുധംകൊണ്ട് ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന പൊലീസുകാരനായ ഗണ്‍മാന്‍ ഒന്നും ചെയ്യാതെ മാറിനില്‍ക്കുന്നതും കാണാം. രണ്ടുപേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഘത്തിലെ മൂന്നാമന്‍ ഗണ്‍മാനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ പ്രാണരക്ഷാര്‍ഥം ഗണ്‍മാന്‍ ഓടിപ്പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!