ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെപ്പറ്റി എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കുന്നത് ആലോചിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം  റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, 2027 ല്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും സിപിഎം ഉറപ്പു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കുള്ള പദവിയാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം.

സംസ്ഥാനത്ത് രാജ്യസഭയിലേക്ക് മൂന്നംഗങ്ങളുടെ ഒഴിവാണ് ജൂലൈ ഒന്നിന് ഉണ്ടാകുന്നത്. സിപിഎമ്മിലെ എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരാണ് വിരമിക്കുന്നത്. ഇതില്‍ നിയമസഭയിലെ കക്ഷിബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയിക്കാനാകും. ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. എല്‍ഡിഎഫില്‍ ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും രംഗത്തു വന്നിട്ടുള്ളത്.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കിയേക്കുമെന്നാണ്  സൂചന. അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ സാധ്യത കൂടുതല്‍ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുമെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്നാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ രാജ്യസഭാ സീറ്റിനായി എല്‍ഡിഎഫില്‍ രണ്ടു പാര്‍ട്ടികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികളാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലോക്‌സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വേണ്ടിയാണ് എന്‍സിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!