ന്യൂജഴ്സി : സന്തോഷം കൊണ്ട് അലറിവിളിച്ചതിന് പിന്നാലെ താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ന്യൂജഴ്സി സ്വദേശിനി ജന്ന സിനത്ര എന്ന 21കാരിക്കാണ് ദുരനുഭവം ഉണ്ടായത്.
ജന്നയുടെ ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. താടിയെല്ലു കുടുങ്ങി തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സതേടുന്നതിന്‍റെ വിഡിയോ യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.