തെരഞ്ഞെടുപ്പ് : കേരളത്തിൽ വനിതകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകിയത് എന്‍ഡിഎ

കോട്ടയം: കേരളത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ മെച്ചപ്പെട്ട നിലയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതില്‍ മുന്നില്‍ എന്‍ഡിഎ.

20 സീറ്റില്‍ അഞ്ച് വനിതകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്തുള്ളത്. എം.എല്‍. അശ്വനി (കാസര്‍കോട്), നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), ഡോ. ടി.എന്‍. സരസു (ആലത്തൂര്‍), ശോഭ സുരേന്ദ്രന്‍ (ആലപ്പുഴ), അഡ്വ. സംഗീത വിശ്വനാഥന്‍ (ഇടുക്കി) എന്നിവരിലൂടെയാണ് മാറ്റത്തിന്റെ കാറ്റ് കേരളത്തില്‍ വീശുന്നത്.

വനിതകളിൽ നാലു പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളും അഡ്വ. സംഗീത ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയുമാണ്.

ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലായ ‘നാരീ ശക്തി വന്ദന്‍ അധിനിയം’ പാസാക്കിയ ശേഷം ആദ്യമായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്‍ഡിഎ ഉള്‍പ്പെടുത്തിയിരിക്കുന്നത് 25 ശതമാനം വനിതകളെയാണ്.

എന്നാല്‍ നവോത്ഥാനത്തിന്റെ മറവില്‍ വനിതാ മതില്‍ തീര്‍ത്ത എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയത് മൂന്ന് വനിതകളാണ്. സംവരണം കണക്കാക്കിയാല്‍ 15 ശതമാനം. എറണാകുളത്ത് മത്സരിക്കുന്ന പി.ജെ. ഷൈന്‍, വടകരയില്‍ മത്സരിക്കുന്ന കെ.കെ. ശൈലജ എന്നിവര്‍ സിപിഎം പ്രതിനിധികളും വയനാട്ടില്‍ മത്സരിക്കുന്ന
ആനി രാജ  സിപിഐ പ്രതിനിധിയുമാണ്.

വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം സ്ത്രീകളെ വനിതാ മുഖ്യമന്ത്രിമാരാക്കാന്‍ ലക്ഷ്യമിടുന്ന, സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥിതിയാണ് ദയനീയം. വനിതയ്‌ക്കായി മാറ്റിവച്ചത് കേവലം ഒരു സീറ്റ്. ആലത്തൂരില്‍ മത്സരിക്കുന്ന രമ്യ ഹരിദാസാണ് യുഡിഎഫിന്റെ ഏക വനിതാ പ്രതിനിധി.

വനിതാ പ്രാതിനിധ്യം കുറഞ്ഞതിന്റെ പേരില്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറിയും ഉടലെടുത്തിരുന്നു.

One thought on “തെരഞ്ഞെടുപ്പ് : കേരളത്തിൽ വനിതകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകിയത് എന്‍ഡിഎ

  1. വനിതകൾക്ക് പ്രാധിനിത്യം കൊടുത്തു കൊണ്ടുള്ള പദ്ധതി വളരെ ഉത്തമം തന്നെ….. അഭിനന്ദനങ്ങൾ……

Leave a Reply to KN Kutty Cancel reply

Your email address will not be published. Required fields are marked *

error: Content is protected !!