പൂഞ്ഞാർ : ഇലവീഴാപൂഞ്ചിറയ്ക്ക് താഴെയായി കാനോൻ തോടിന് അക്കരെ താമസിക്കുന്ന ജെസിമോൾക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
മഴക്കാലത്ത് സുരക്ഷിതമായി തോട് കടക്കാൻ വെള്ളം കയറാത്ത ഉയരത്തിൽ ഒരു നടപ്പാലം വേണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുതേടി ഇവിടെയെത്തിയപ്പോൾ ജെസിമോൾ ഈ ആവശ്യം സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ മുമ്പിൽ അവതരിപ്പിച്ചു.
അവളുടെ നിറകണ്ണുകളോടെയുള്ള അഭ്യർഥന കേട്ട്, ഇത് നടപ്പിലാക്കിത്തരുമെന്ന വാക്ക് നൽകിയാണ് ഷോൺ അന്ന് മടങ്ങിയത്. പിന്നീട് പലതവണ ശ്രമിച്ചെങ്കിലും ജില്ലാ പഞ്ചായത്തിൽ നിന്നും ആവശ്യത്തിന് ഫണ്ട് ലഭ്യമായില്ല. ഈ വർഷം ഫണ്ട് തരപ്പെടുത്തി പാലത്തിൻ്റെ നിർമ്മാണം തുടങ്ങി ഇപ്പോൾ അവസാനഘട്ടത്തിലാണ്.
ഒരു പൂവ് ചോദിച്ചപ്പോൾ കിട്ടിയത് ഒരു കുട്ട പൂവ്… എന്ന് പറയുന്നതുപോലെ, നടപ്പാലം ആവശ്യപ്പെട്ട ജെസിക്ക് ലഭിക്കുന്നത് വലിയ വണ്ടികൾ വരെ കടന്നുവരുന്ന പാലമാണ്. ജെസി ഒരു കാരണമായി, ഉപകാരപ്പെട്ടത് ഈ ഭാഗത്തെ നിരവധി കുടുംബങ്ങൾക്കാണ്.
വികലാംഗ കൂടിയായ കുഞ്ഞനുജത്തി ജെസിക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ പ്രതിനിധിയായ അഡ്വ. ഷോൺ ജോർജ്.
വിനോദ സഞ്ചാരികൾക്ക് വെള്ളച്ചാട്ടം കാണാനുള്ള സജ്ജീകരണങ്ങളും പാലത്തോടൊപ്പം ക്രമീകരിച്ചിട്ടുണ്ടെന്നും ഷോൺ പറഞ്ഞു.