ഗുണ്ട്, അമിട്ട്, കുഴിമിന്നൽ വേണ്ട; ആറാട്ടുപുഴ പൂരം വെടിക്കെട്ടിനു അനുമതി


തൃശൂർ: ആറാട്ടുപുഴ പൂരം വെടിക്കെട്ടിനു അനുമതി. 17, 22, 23 തീയതികളിൽ വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിനു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി ഉത്തരവിട്ടു. കർശന നിബന്ധനകളോടെ നടത്താനാണ് അനുമതി.

വെടിക്കെട്ട് പ്രദർശനത്തിനായി സമർപ്പിച്ച അപേക്ഷയും സത്യവാങ്മൂലവും ഹൈക്കോടതി വിധിയിലെ നിർദ്ദേശങ്ങളും പരിശോധിച്ചാണ് അനുമതി.

ഹൈക്കോടതി നിർദ്ദേശമനുസരിച്ച് പോർട്ടബിൾ മാഗസിൻ സജ്ജീകരിക്കണം. മാഗസിന് 45 മീറ്റർ‌ അകലത്തിൽ ബാരിക്കേഡ് കെട്ടി സൈസൻസി സുരക്ഷിതമാക്കണം. എക്സ്പ്ലോസീവ് ആക്ട് ആൻഡ് റൂൾസ് 2008 പ്രകാരമുള്ള നിബന്ധകൾ പാലിക്കണം.

വെടിക്കെട്ടു നടക്കുന്ന സന്ദർഭത്തിൽ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശങ്ങളും, പെസോ അധികൃതർ, പൊലീസ്, ഫയർ എന്നിവർ നൽകുന്ന നിർദ്ദേശങ്ങളും വെടിക്കെട്ട് നടത്തിപ്പുകാരും ആഘോഷ കമ്മിറ്റിയും പാലിക്കണം.

വെടിക്കെട്ട് പ്രദർശന സ്ഥലത്തു നിന്നു 100 മീറ്റർ അകലത്തിൽ മതിയായ ബലത്തിലും സുരക്ഷയിലും ബാരിക്കേഡ് നിർമിച്ച് കാണികളെ മാറ്റി നിർത്തണം. ഡിസ്പ്ലേ ഫയർവർക്സിൽ ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്.

നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമിച്ചതും നിരോധിത രാസ വസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ അംഗീകൃത നിർമിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!