പനംകുട്ടി : വീട്ട് വളപ്പിൽ നട്ടുവളർത്തിയ 39 ഗഞ്ചാവ് ചെടികളുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഇടുക്കി കൊന്നത്തടി പനംകുട്ടി കരയിൽ ഇളംമ്പശ്ശേരിയിൽ ഡെനിൽ വർഗ്ഗീസ് (20) ആണ് പിടിയിലായത്.
അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ കെ. യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്‌സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികൾ വിൽപ്പനയ്ക്ക് വേണ്ടിയാണ് പ്രതി വീട്ടുവളപ്പിൽ നട്ടുവളർത്തിയത്.
പ്രതിയെ അടിമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ ദേവികുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദിലീപ് എൻ.കെ. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) അഗസ്റ്റ്യൻ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, പ്രശാന്ത് വി, യദുവംശരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.