‘തലവെട്ടും എന്ന് പറഞ്ഞു ഭീഷണി’; സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി പിടിയില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയില്‍.

ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ ജോണ്‍. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ ഇവരുള്‍പ്പെടെ കേസില്‍ മുഖ്യപ്രതികളായ നാലുപേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിന്‍ജോ ജോണിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുവീട്ടില്‍ നിന്ന് സിന്‍ജോയെ പൊലീസ് പിടികൂടിയത്. കേസില്‍ 31 പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സിന്‍ജോ മകനെ മര്‍ദ്ദിക്കുക മാത്രമല്ല, ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ‘സിന്‍ജോ തലവെട്ടും എന്ന് പറഞ്ഞു. വീട്ടില്‍ പോയി മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് വിദ്യാര്‍ഥികളോട് കോളജ് അധികൃതരും പറഞ്ഞു. നടന്ന കാര്യം ഒന്നും പറയരുത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന് സിദ്ധാര്‍ഥിനെ മുറിയില്‍ കൊണ്ടുപോയി ചെയ്തതാണ് അങ്കിളേ’- മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞതായി സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!