യുഎസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; നിയമ വഴികള്‍ തേടുമെന്ന്‌ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: സോളാര്‍ വൈദ്യുതി കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്. യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

‘അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് നീതിന്യായ വകുപ്പും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിനാല്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. കുറ്റം ചെയ്തു എന്ന് പറയുന്നത് ആരോപണം മാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികളെ നിരപരാധികളായാണ് കാണുന്നത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ എല്ലാ തലങ്ങളിലും ഭരണം, സുതാര്യത, നിയമങ്ങള്‍ പാലിക്കല്‍ എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങള്‍ നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കുന്നു. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നത്’- അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി.

സൗരോര്‍ജ്ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,100 കോടി രൂപ കൈക്കൂലി നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായെന്ന് ആരോപിച്ചാണ് ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയത്. വിഷയത്തില്‍ അമേരിക്കയില്‍ അന്വേഷണം നടക്കുകയാണ്. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. അതിനിടെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!