ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം’; പിണറായി സ്തുതി ഗീതത്തില്‍ ഇപി ജയരാജന്‍





കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടുംസിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

നേരത്തെ ഇതേസംഭവത്തില്‍ പി ജയരാജനെ പാര്‍ട്ടി ശാസിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പഴയ ചരിത്രമാണെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയന്‍ നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍ എന്നാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്തൊരു കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ചൊരു സൂര്യന്‍, മലയാളനാട്ടില്‍ മന്നന്‍, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷി… ഇങ്ങനെ നീളുന്നു പാട്ടില്‍ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങള്‍.

പാട്ട് ഏറെ വിവാദമായെങ്കിലും ഇതിനെതിരെ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ദൈവം കേരളത്തിന് നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് നവകേരള സദസിന്റെ വര്‍ക്കലയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കുകത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ പ്രാകുകയാണെന്നും കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!