തിരുവനന്തപുരം; വിദേശ സർവകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ർച്ചകൾ വേണമെന്നാണ് പറഞ്ഞതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
”പുഷ്പനെ മറന്നോ എന്നാണ് ചോദിക്കുന്നത്. പുഷ്പനെ ഓർമയുണ്ടെന്ന് മാത്രമല്ല, ആ സമരത്തിനകത്തു സജീവമായി പങ്കെടുത്ത ആളുകളാണ് ഞങ്ങളെല്ലാവരും. 40 വർഷം മുൻപ് ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്തിട്ടുണ്ട്.
ഇന്ന് അതല്ല സ്ഥിതി. കാലം മാറി. കർഷകതൊഴിലാളിക്ക് ജോലി കിട്ടാത്ത സാഹചര്യത്തിൽ അന്ന് സമരം ചെയ്തതു പോലെയാണോ ഇപ്പോൾ? കാലം മാറുമ്പോൾ അതു മനസ്സിലാക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടറൈസേഷൻ വന്നപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ കുടുംബങ്ങളിൽനിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.