കോട്ടയം: മരപ്പണി, ആയുധനിര്‍മാണം, ലോഹപ്പണി, ശില്‍പ നിര്‍മാണം,സ്വര്‍ണ്ണം-വെള്ളി പണികള്‍, മണ്‍പാത്രനിര്‍മാണം, കൊത്തുപണി, അലക്ക്, തയ്യല്‍ തുടങ്ങി 18 തൊഴില്‍വിഭാഗങ്ങളിലെ കരകൗശലവിദഗ്ദ്ധര്‍ക്കും തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പി.എം. വിശ്വകര്‍മ്മ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 500 രൂപ സ്റ്റൈപ്പന്റോടുകൂടി അഞ്ച്-ഏഴു ദിവസത്തെ അടിസ്ഥാനപരിശീലനവും 15 ദിവസത്തെ നൂതനപരിശീലനവും 1000 രൂപ യാത്രാചെലവും ലഭിക്കും. തുടക്കത്തില്‍ ഇ-വൗച്ചറുകളുടെ സഹായത്തോടെ 15,000 രൂപ വരെ ടൂള്‍കിറ്റ് ഇന്‍സെന്റീവ് നല്കും
. അഞ്ചു ശതമാനം പലിശനിരക്കില്‍ മൂന്നുലക്ഷം രൂപവരെ രണ്ടു ഘട്ടങ്ങളിലായി ഈടില്ലാത്ത എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് വായ്പയും ലഭിക്കും. 18-30 മാസമാണ് വായ്പാ കാലാവധി. ഒരു ഡിജിറ്റല്‍ ഇടപാടിന് ഒരു രൂപ നിരക്കില്‍ മാസം പരമാവധി 100 ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പ്രോത്സാഹനം നല്കുന്നു. ഓരോ ഡിജിറ്റല്‍ ഇടപാടിനും ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഈ തുക ലഭിക്കും. ജെം, ഒ.എന്‍.ഡി.സി. തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മാര്‍ക്കറ്റിംഗ് പിന്തുണയും ലഭിക്കും.
രജിസ്ട്രേഷനുള്ള യോഗ്യത: രജിസ്റ്റര്‍ ചെയ്യാനുളള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ പിഎംഇജിപി, പിഎം സ്വാനിധി, മുദ്ര അല്ലെങ്കില്‍ സ്വയംതൊഴില്‍ ബിസിനസ് വികസനത്തിനായുള്ള മറ്റു സമാന സര്‍ക്കാര്‍ സ്‌കീമുകള്‍ക്ക് കീഴില്‍ വായ്പ ലഭിച്ചിരിക്കരുത്. മുദ്ര, സ്വാധിനി വായ്പ പൂര്‍ണമായി തിരിച്ചടച്ചവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. രജിസ്‌ട്രേഷനും ആനുകൂല്യങ്ങളും കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമാണ് ലഭിക്കുക. സര്‍ക്കാര്‍ ജോലിയുള്ളവരും അവരുടെ കുടുംബാംഗങ്ങളും പദ്ധതിയില്‍ ചേരാന്‍ പാടില്ല.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?: ആധാര്‍, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ്, ബാങ്കിന്റെ പേര്), റേഷന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് ഇല്ലെങ്കില്‍ കുടുംബത്തിലെ എല്ലാവരുടെയും ആധാര്‍ തുടങ്ങിയ രേഖകളുമായി അടുത്തുള്ള സി.എസ്.സി. ഡിജിറ്റല്‍ സേവാ കേന്ദ്രത്തെ രജിസ്ട്രേഷനായി സമീപിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യം. വെബ്‌സൈറ്റ്: pmvishwakarma.gov.in ഹെല്‍പ് ലൈന്‍: 180026777 .
വിശദവിവരത്തിന് എം.എസ്.എം.ഇ -ഡി.എഫ്.ഒ തൃശൂര്‍, കാഞ്ഞാണി റോഡ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍, ഇ-മെയില്‍: dcdithrissur@dcmsme.gov.in , ഫോണ്‍: 0487-2360686,2360536,8330080536. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസര്‍, പഞ്ചായത്തുകളിലെ സംരംഭക വികസന എക്സിക്യൂട്ടീവ് എന്നിവരില്‍നിന്നും വിവരങ്ങള്‍ ലഭിക്കും.