ബുംറയെ തൂക്കിയടിച്ചു; കരുണിന്റെ വെടിക്കെട്ട് പ്രകടനം ലക്ഷ്യം കണ്ടില്ല; മുംബൈ വിജയവഴിയില്‍

ന്യൂഡല്‍ഹി: മലയാളി താരം കരുണ്‍നായരുടെ തകര്‍പ്പനടി ലക്ഷ്യം കണ്ടില്ല. ഒരോവര്‍ ബാക്കി നില്‍ക്കെ പതിമൂന്ന് റണ്‍സിന് ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് വിജയവഴിയിലെത്തിയത്. മുംബൈ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ കരുണ്‍ നായരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് മുന്നേറിയത്.

12ാം ഓവറില്‍ കരുണ്‍ പുറത്തായി. ഈ സമയത്ത് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 4 ഓവറില്‍ 42 റണ്‍സായിരുന്നു. പിന്നീട് ഇത് 2 ഓവറില്‍ 23 ആയി ചുരുക്കി. എന്നാല്‍ ജസ്പ്രീത് ബുംറയെറിഞ്ഞ 19ാം ഓവറില്‍ അവസാന 3 ബാറ്റര്‍മാര്‍ തുടര്‍ച്ചയായി റണ്ണൗട്ടായതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ പൊലിഞ്ഞു. 7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അര്‍ധ സെഞ്ചറിയിലൂടെ ഐപിഎലില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച 33കാരന്‍ കരുണിന്റെ പോരാട്ടവും അതോടെ വിഫലമായി.

2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെയാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. ഇത്തവണ ഐപിഎല്‍ മെഗാ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് കരുണിനെ ഡല്‍ഹി ടീമിലെത്തിച്ചത്. ഓപ്പണര്‍ ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗ് പുറത്തായതിനു പിന്നാലെയാണ് താരം ക്രീസിലെത്തിയത്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തു. തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയും റിയാന്‍ റിക്കല്‍ട്ടന്‍, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍ എന്നിവരുടെ കൂറ്റനടികളുമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. രോഹിത് ശര്‍മയ്ക്ക് ഇത്തവണയും മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. താരം 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 18 റണ്‍സെടുത്തു മടങ്ങി.

തിലക് വര്‍മ 33 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 59 റണ്‍സ് അടിച്ചു. റിയാന്‍ റിക്കല്‍ട്ടന്‍ 25 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 41 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 40 റണ്‍സും കണ്ടെത്തി. നമാന്‍ ധിര്‍ 17 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 38 റണ്‍സും അടിച്ചെടുത്തു.ഡല്‍ഹി ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് ഒഴികെ മറ്റാര്‍ക്കും മികവോടെ പന്തെറിയാനായില്ല. കുല്‍ദീപ് 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രജ് നിഗവും 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മുകേഷ് കുമാര്‍ ഒരു വിക്കറ്റെടുത്തു.

സീസണില്‍ മുംബൈ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കഴിഞ്ഞ 4 മത്സരങ്ങളിലും അപരാജിതരായി മുന്നേറിയ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്. 3 വിക്കറ്റെടുത്ത മുംബൈ സ്പിന്നര്‍ കാണ്‍ ശര്‍മയാണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!