‘സഭകൾക്ക് ബിജെപിയുമായുള്ള നല്ല ബന്ധം രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല’: ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

കൊച്ചി: ക്രിസ്ത്യന്‍ സഭകളുമായി കേരളത്തില്‍ ബിജെപിക്കുള്ള നല്ല ബന്ധത്തെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. കേരളത്തില്‍ സഭകളുമായി ബന്ധം പുലര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നു. യാക്കോബായ സഭയ്ക്കും അകലം പാലിക്കാന്‍ താത്പര്യമില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങള്‍ കാണാതെ പോകുന്നില്ല, അതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും അകലം പാലിക്കാന്‍ സഭ താത്പര്യപ്പെടുന്നില്ലെന്നും യാക്കോബായ സഭാ അധ്യക്ഷന്‍ പ്രതികരിച്ചു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൻ്റെ ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് നിയമം കൊണ്ട് മുസ്ലീം സമുദായത്തിന് ദോഷം ഉണ്ടാകരുത്. വിശാലമായ കാഴ്ചപാടില്‍ മുസ്ലീം വിഭാവും ന്യൂനപക്ഷമാണ്. ഇതിന് കോട്ടം വരാത്ത രീതിയില്‍ നിയമ നിര്‍മാണം നടക്കണം എന്നതാണ് സഭയുടെ നിലപാട് എന്നും വഖഫ് ബില്ലിനെ കുറിച്ച് കുടുതല്‍ പഠിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ മുനമ്പം വിഷയവുമായി ചേര്‍ത്തുവായിക്കുമ്പോള്‍ വഖഫ് നിയമത്തിന് മറ്റൊരു മാനം കൈവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ സമുദായത്തിന് നീതികിട്ടണം എന്ന് തന്നെയാണ് നിലപാട്. ഇത് എല്ലാവരും ആവശ്യപ്പെടുന്ന കാര്യമാണ് എന്നും യാക്കോബായ സഭാ അധ്യക്ഷന്‍ വ്യക്തമാക്കുന്നു.

ചര്‍ച്ച് ആക്റ്റിനെ യാക്കോബായ സഭ തീര്‍ച്ചയായും പിന്തുണയ്ക്കും എന്നും യാക്കോബായ സഭാ അധ്യക്ഷന്‍ വ്യക്തമാക്കുന്നു. ചര്‍ച്ച് ആക്റ്റില്‍ വിശ്വാസമുണ്ട്. പല വിഷയങ്ങളിലും നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരങ്ങൾ കണ്ടെത്താന്‍ ചര്‍ച്ച് ആക്റ്റിന് കഴിയും. ചര്‍ച്ച് ആക്റ്റ് പക്ഷപാതപരമായിരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരാന്‍ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!