മധുര: സിപിഎമ്മിന്റെ ആറാമത്തെ ദേശീയ ജനറൽ സെക്രട്ടറി ആരാകുമെന്ന് ഇന്നറിയാം. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ മണിക്കൂറുകൾ മാത്രം നിൽക്കെ കേരളത്തിൽ നിന്നുള്ള എംഎ ബേബിയാണ് സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അടുത്ത മൂന്ന് വർഷത്തേക്ക് പാർട്ടിയെ ആര് നയിക്കണമെന്നു തീരുമാനിക്കാനുള്ള പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. യോഗം ബേബിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന പൊതു ധാരണയിൽ എത്തിയതായി സൂചനയുണ്ട്. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് ബേബിയുടെ പേര് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രകാശ് കാരാട്ടിന്റേയും കേരള ഘടകത്തിന്റേയും പിന്തുണ ബേബിക്കുണ്ട്. അദ്ദേഹം വളരെക്കാലമായി ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്നതും അനുകൂല ഘടകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ബേബി തെരഞ്ഞെടുക്കപ്പെട്ടാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള സിപിഎമ്മിൽ നിന്ന് ജനറൽ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവായി അദ്ദേഹം മാറും.
71കാരനായ ബേബിയെ തെരഞ്ഞെടുക്കുന്നതിലേക്ക് എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്‍ലെയുടെ പേരും പരിഗണനയിൽ തന്നെയുണ്ട്. ഹിന്ദി മേഖലയിൽ നിന്നുള്ള ഒരു വിഭാഗം നേതാക്കളും പശ്ചിമ ബംഗാളിൽ നിന്നുള്ള കുറച്ചു പേരും കർഷക നേതാവും 72 കാരനുമായ അശോക് ധാവ്‍ലെയെ പിന്തുണയ്ക്കുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷനു ഒരു ദേശീയ വ്യക്തിത്വമുണ്ടെന്നാണ് പിന്തുണയ്ക്കുന്നവർ മുന്നോട്ടു വയ്ക്കുന്ന വാദം. ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ അറിവും ഹിന്ദി സംസാരിക്കുന്ന സഖാക്കൾക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയങ്കരനാക്കുന്നു.
ആന്ധ്രാപ്രദേശിൽ നിന്നുള്ള ബിവി രാഘവുലുവിന്റെ പേരും നേരത്തെ സാധ്യതകളിൽ ഉയർന്നു കേട്ടിരുന്നു. പിബിയിലെ ഏറ്റവും മുതിർന്ന ആളാണെങ്കിലും, അദ്ദേഹം ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നു.
2015ൽ വിശാഖപട്ടണത്ത് നടന്ന 21ാം പാർട്ടി കോൺഗ്രസിലാണ് സിപിഎം അവസാനമായി പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അന്ന് എസ് രാമചന്ദ്രൻ പിള്ളയും സീതാറാം യെച്ചൂരിയും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു. ഫോട്ടോ ഫിനിഷിലാണ് യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ അത്ര ശക്തമായ മത്സരമില്ല.
എംഎ ബേബിക്ക് സാധ്യത? സിപിഎം ജനറൽ സെക്രട്ടറിയെ ഇന്നറിയാം
