പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത്: ഹൈക്കോടതി

കൊച്ചി: കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താന്‍ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നല്‍കിയ ഞാറയ്ക്കല്‍ എസ്‌ഐയ്‌ക്കെതിരെയുള്ള ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്.

പൊലീസ് നോട്ടീസ് നല്‍കിയതിനെതിരെ അഭിഭാഷകന്‍ കെ കെ അജികുമാര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങള്‍ അറിയാന്‍ പൊലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്.

ഫോറിനേഴ്‌സ് ആക്ടിന്റെ ഉള്‍പ്പെടെ ലംഘനമാരോപിച്ചു ബംഗാള്‍ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കല്‍ പൊലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നല്‍കിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ പൊലീസ് നോട്ടീസ് പിന്‍വലിച്ചിരുന്നു. നോട്ടിസ് പിന്‍വലിച്ചതും കണക്കിലെടുത്താണു ഹര്‍ജി തീര്‍പ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!