കാസർക്കോട്: 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം അരങ്ങേറുന്ന പെരുങ്കളിയാട്ടം കാണാൻ തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകത്തിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ. ഉത്തര കേരളത്തിലെ കഴകങ്ങൾക്കിടയിൽ വലിയ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ ഈ മാസം 5 മുതലാണ് പെരുങ്കളിയാട്ടം ആരംഭിച്ചത്. മാർച്ച് 12 വരെ തുടരും. കേരളത്തിനകത്തും പുറത്തും നിന്നു നിരവധി പേരാണ് പെരുങ്കളിയാട്ടത്തിലെ തെയ്യക്കോലങ്ങൾ കാണാനായി എത്തുന്നത്.
ആഴത്തിൽ വേരൂന്നിയ പാരമ്പര്യവും അതിന്റെ തനിമയും വിശ്വാസത്തിന്റേയും സംസ്കാരത്തിന്റേയും സംഗമവും ഒത്തു ചേരുന്ന പ്രാദേശിക ആഘോഷം കൂടിയായി മാറുകയാണ് പെരുങ്കളിയാട്ട വേദി. കാസർക്കോട് ജില്ലയിലെ തെക്കൻ തൃക്കരിപ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കഴകം, അഞ്ച് അനുബന്ധ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്നതാണ്. ശ്രീ ഒളവറ മുണ്ട്യകാവ് ദേവസ്വം, ശ്രീ കുലേരി മുണ്ട്യ ദേവസ്വം, ശ്രീ പടന്ന മുണ്ട്യ ദേവസ്വം, ശ്രീ തടിയൻ കോവൽ മുണ്ട്യ ദേവസ്വം, ശ്രീ കുറുവപ്പള്ളി അറ ദേവസ്വം. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകളിലുടനീളമുള്ള വിശാലമായ സമൂഹമാണ് ക്ഷേത്രത്തിന്റെ സേവകർ.
99 തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന മഹത്തായ ചടങ്ങാണ് 25 വർഷത്തിലൊരിക്കൽ നടക്കുന്ന പെരുങ്കളിയാട്ടം. ആത്മീയ മഹത്വത്തിന്റേയും കൂടിച്ചേരലുകളുടേയും സംഗമ വേദി കൂടിയായി ഉത്സവം മാറുന്നു. ഭക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റേയും ആഘോഷം ജാതി, മത അതിരുകൾ മറികടന്നു ആളുകളെ ഒന്നിപ്പിക്കുന്നു.

1949, 1974, 1999 വർഷങ്ങളിലാണ് നേരത്തെ ഇവിടെ പെരുങ്കളിയാട്ടം അരങ്ങേറിയത്. വടക്കൻ കേരളത്തിലെ തീയ്യ സമുദായത്തിന്റെ പ്രമുഖ കഴകങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീരാമവില്യം കഴകം. ഏഴിമല കുറവൻതട്ട കഴകം, തൃപ്തി നിലമംഗലം കഴകം, പാലക്കുന്ന് കഴകം എന്നിവയാണ് മറ്റ് കഴകങ്ങൾ.
‘എല്ലാവരേയും ഉൾക്കൊള്ളുന്നതിനു പേരു കേട്ട ഉത്സവമാണ് ശ്രീരാമവില്യം കഴകത്തിന്റേത്. മാർച്ച് അഞ്ചിന് ഇഫ്താർ വിരുന്നോടെയാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. ഉത്സവത്തിലുടനീളം ഏതാണ്ട് പത്ത് ലക്ഷം ആളുകൾക്ക് ഞങ്ങൾ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. സുഗമമായ ഗതാഗതത്തിനു പ്രത്യേക ബസ് സർവീസുകളും ഉണ്ട്. ഇത്തവണത്തെ ആഘോഷ പരിപാടികളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, സുരേഷ് ഗോപി എംപി അടക്കമുള്ള നിരവധി പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നുണ്ട്’- കമ്മിറ്റി ചെയർമാൻ ഗംഗാധരൻ തൃക്കരിപ്പൂർ വ്യക്തമാക്കി.