കോട്ടയം: പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ.സി.കെ.ഹരീന്ദ്രൻ നായരുടെ സ്മരണാർഥമുള്ള ‘ഡോ.ഹരി ആയുർരത്ന’ പുരസ്കാരത്തിന് ഡോ.ആർ.വി.അജിത് അർഹനായി.15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ആതുരസേവന രംഗത്ത് കോട്ടയം ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ ഡോക്ടർക്കുള്ളതാണ് പുരസ്കാരം. ഡോ.ഹരീന്ദ്രൻനായരുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് 16ന് പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ ലോക്സഭാംഗം കെ.സുരേഷ് കുറുപ്പ് അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.എച്ച്.അജിത്കുമാർ അറിയിച്ചു.
റെഡ്ക്രോസ് കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടി ചെയർമാൻ ഒ.സി.ചാക്കോ അധ്യക്ഷത വഹിക്കും.ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും.
സാഹിത്യകാരനായ കിളിരൂർ രാധാകൃഷ്ണൻ ചെയർമാനും ഡോ.രതി ബി.ഉണ്ണിത്താൻ,ഡോ.ആശ ശ്രീധർ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.
കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസറായി വിരമിച്ച ഡോ.ആർ.വി.അജിത് 30 വർഷമായി ആയുർവേദ ചികിത്സാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്.ഇപ്പോൾ കോട്ടയം കാരിത്താസ് ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫിസറായി പ്രവർത്തിക്കുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനങ്ങളിലൂടെ ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കോട്ടയം പാമ്പാടി മഠത്തിൽ ഡോ:സി.കെ.ഹരീന്ദ്രൻ നായർ 2020 മാർച്ച് ഒന്നിനാണ് വിടവാങ്ങിയത്. പാമ്പാടിയുടെ സാമൂഹിക ജീവിതത്തിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.