ഫാർമസിസ്റ്റ് അവധി,നഴ്സുമില്ല…ഒടുവിൽ ചികിത്സിച്ച ഡോക്ടര്‍ തന്നെ രോഗികൾക്ക് മരുന്നും എടുത്തുനൽകി… സംഭവം അമ്പലപ്പുഴയിൽ…

അമ്പലപ്പുഴ : ഫാർമസിസ്റ്റ് അവധിയിൽ പോയതോടെ രോഗികളെ ചികിത്സിച്ച ഡോക്ടർ തന്നെ മരുന്നും വിതരണം ചെയ്തു. പുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരനാണ് രണ്ട് ജോലിയും ഒരു പോലെ ചെയ്തത്. പിതാവിന് അസുഖമായതിനാലാണ് ഫാർമസിസ്റ്റ് അവധിയിൽ പോയത്. ഇതോടെ ആശുപത്രിയിൽ ഒപിയിലെത്തിയ 100 കണക്കിന് രോഗികൾക്ക് മരുന്നു വിതരണം ചെയ്യാൻ ആളില്ലാതായി.

ഡോക്ടറുടെ നിരീക്ഷണത്തിൽ നഴ്സിന് മരുന്ന് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ഇവിടെ ഇതിനായി ആവശ്യത്തിന് നഴ്സുമാർ ഇല്ലാതെ വന്നതോടെയാണ് ഓരോ രോഗിയേയും പരിശോധിച്ച ശേഷം ഡോക്ടർ മരുന്ന് വിതരണം ചെയ്തത്. ഒരു സ്റ്റാഫ് നഴ്‌സ് പ്രസവാവധിക്ക് പോയതിന് പിന്നാലെ കഴിഞ്ഞ 31 ന് ഒരു നഴ്സിംഗ് അസിസ്റ്റന്റ് വിരമിക്കുകയും ചെയ്തു.

നിലവിൽ ഒരു നഴ്സു മാത്രമാണ് ഉള്ളത്. രോഗികളുടെ ദുരിതം പരിഹരിക്കാൻ ഒരു ഫാർമസിസ്റ്റിനെ കൂടി നിയമിക്കണമെന്നാ വശ്യപ്പെട്ട് പഞ്ചായത്ത്, എൻഎച്ച്എം, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പല തവണ കത്ത് കൈമാറിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ജില്ലയിൽത്തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത തിനെത്തുടർന്ന് പ്രവർത്തനം താളം തെറ്റുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!