ജയ്പുർ: ദേശീയ സീനിയർ വോളിബോൾ കിരീടം കേരളത്തിന്. ഫൈനലിൽ സർവീസസിനെ തകർത്താണ് എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാംപ്യൻമാരായത്. 2017ൽ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ ഏഴാം വോളി കിരീടം കൂടിയാണിത്. വനിതാ വിഭാഗത്തിൽ കേരളം റണ്ണറപ്പായി. റെയിൽവേസിനോടാണ് പരാജയപ്പെട്ടത്.
കടുത്ത പോരാട്ടം അതിജീവിച്ചാണ് പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ നേട്ടം. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരിൽ 25-20, 26-24, 19-25, 21-25, 15-12- എന്ന സ്കോറിനാണ് ജയം.
ചാംപ്യൻഷിപ്പിലെ ആദ്യ കളിയിൽ കേരളത്തെ സർവീസസ് വീഴ്ത്തിയിരുന്നു. ഈ തോൽവിക്ക് ഫൈനലിൽ തന്നെ മറുപടി നൽകി കിരീടം പിടിച്ചെടുത്താണ് കേരളം കണക്കു തീർത്തത്.
ആദ്യ രണ്ട് സെറ്റുകൾ നേടി ഫൈനലിൽ ഗംഭീരമായി തുടങ്ങിയ കേരളത്തിനു പക്ഷേ പിന്നീട് രണ്ട് സെറ്റുകൾ കൈവിടേണ്ടി വന്നു. എന്നാൽ ടൈബ്രേക്കർ സെറ്റിൽ കേരളം ഉജ്ജ്വലമായി തിരിച്ചു വരികയായിരുന്നു.
ആക്രമണത്തിൽ ജെറോം വിനീതും എറിൻ വർഗീസും കനത്ത സ്മാഷുകൾ തീർത്തു. ജോൺ ജോസഫും എംസി മജീബും പ്രതിരോധത്തിൽ കരുത്തായി. ലിബറോ ആനന്ദും കളം നിറഞ്ഞതോടെയാണ് ആദ്യ രണ്ട് സെറ്റുകൾ കേരളം പിടിച്ചെടുത്തത്.
പിന്നീട് സർവീസസിന്റെ മുന്നേറ്റത്തിൽ കേരളം ഒന്നു പതറി. എന്നാൽ അവസാന സെറ്റിൽ സമ്മർദ്ദത്തിനു അടിപ്പെടാതെ കേരളം വിജയവും കിരീടവും സ്വന്തമാക്കി.
പൊലിഞ്ഞ സ്വപ്നം
വനിതാ വിഭാഗത്തിൽ തുടരെ ഏഴാം കിരീടമെന്ന കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞു. റെയിൽവേസാണ് വീഴ്ത്തിയത്. 25-17, 24-26, 25-15, 25-12 എന്ന സ്കോറിനാണ് റെയിൽവേസ് കിരീടം ഉറപ്പിച്ചത്. ഫൈനൽ വരെ ഒരു സെറ്റു പോലും വഴങ്ങാതെ കരുത്തോടെ എത്തിയ കേരള വനിതകൾക്ക് പക്ഷേ ആ മികവ് ഫൈനലിൽ പുറത്തെടുക്കാൻ സാധിച്ചില്ല.