തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സിപിഎമ്മും വിമര്‍ശിച്ച് യുഡിഎഫും രംഗത്ത്. വര്‍ഗീയ ശക്തികളില്‍ നിന്നും കേരളത്തെ രക്ഷിക്കുന്ന നിലപാടാണ് വിജയരാഘവന്‍ പറഞ്ഞതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയശക്തികളുമായി സന്ധിചേരുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളെയാണ് വിമര്‍ശിച്ചത്. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് പുറത്തെ കലഹങ്ങളുമായി ഒരു ബന്ധവുമില്ല. വര്‍ഗീയശക്തികള്‍ക്ക് മണ്ണൊരുക്കുന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
വിമര്‍ശനം മുസ്ലിങ്ങള്‍ക്കെതിരെയല്ല: എം വി ഗോവിന്ദന്‍
ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിങ്ങള്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ അത് ഹിന്ദുക്കള്‍ക്കെതിരല്ല. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും സിപിഎം ഒരുപോലെ എതിര്‍ക്കുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകള്‍ സിപിഎമ്മിനെതിരെ ഇപ്പോള്‍ ശക്തമായി വരികയാണ്. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ് വര്‍ഗീയവാദികളായ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും. ഇവരുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. ഈ വര്‍ഗീയ ശക്തികളെ സഖ്യകക്ഷികളെപ്പോലെ കോണ്‍ഗ്രസ് ചേര്‍ത്തു നടക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അത് കോണ്‍ഗ്രസിനകത്തും ലീഗിനകത്തും ഉണ്ടാകും. ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി ശക്തമായി ഇനിയും എതിര്‍ക്കും. ഭൂരിപക്ഷവര്‍ഗീയതയെയും ശക്തമായി എതിര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. വിജയരാഘവന്‍ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ വര്‍ഗീയശക്തികള്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. ഹിന്ദു വര്‍ഗീയവാദികളായാലും, മുസ്ലിം വര്‍ഗീയവാദികളായാലും അവര്‍ക്കെതിരെ സിപിഎം ശക്തമായ നിലപാടാണ് സ്വീകരിക്കുക. നാടിന്റെ നന്മയ്ക്കായി പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും പി കെ ശ്രീമതി ചോദിച്ചു. കോണ്‍ഗ്രസ് വര്‍ഗീയവാദികളുമായി കൂട്ടികൂടിക്കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്തത്. അതാണ് വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയതെന്നും പി കെ ശ്രീമതി പറഞ്ഞു.