ഇന്ദുജയുടെ മരണം…അജാസുമായുള്ള സൗഹൃദത്തിൽ ഇഷ്ടക്കേട്…അഭിജിത്ത് ഇന്ദുജയെ ശാരീരികമായി…

തിരുവനന്തപുരം : പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിൻ്റെ പേരിൽ ഭർത്താവായ അഭിജിത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന് പൊലീസ്. അജാസിൻ്റെയും അഭിജിത്തിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തും. ഇന്ദുജയെ ഒഴിവാക്കാൻ ഗൂഢാലോചന നടന്നു. ഇന്ദുജയുമായി അജാസിന് ബന്ധമുണ്ടായിരുന്നു. മൂന്ന് ദിവസം മുൻപ് അജാസ് ഇന്ദുജയെ മർദ്ദിച്ചിരുന്നുവെന്നും പൊലീസിന് വിവരമുണ്ട്.

ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതേതുടർന്ന് കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തിനെ പറ്റി കൂടുതൽ മനസ്സിലാക്കാനായി കൂടുതൽ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും. അജാസ് ഇന്ദുജയെ മർദ്ദിച്ചിരുന്നുവെന്ന് നേരത്തെ അഭിജിത്തിത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. എന്തിനാണ് ഇന്ദുജയെ അജാസ് മർദ്ദിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാവും ഇനി അന്വേഷിക്കുക.

കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇന്ദുജയുടെ മരണത്തിന് പിന്നാലെ അഭിജിത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു പിതാവ് ശശിധരന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!