ട്രോളി ബാഗ്’ യാദൃച്ഛികമായി കിട്ടിയത്, ഉപേക്ഷിക്കേണ്ടതില്ല; തെരഞ്ഞെടുപ്പു വിഷയം തന്നെയെന്ന് എംവി ഗോവിന്ദന്‍

പാലക്കാട്: കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്‌നമായി വന്നതല്ല. യാദൃച്ഛികമായി വന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല.”- ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കള്ളപ്പണ വിവാദത്തില്‍ ശരിയായി അന്വേഷണം നടത്തണമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ‘ബാഗ് മാത്രം ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ബാഗ് യാദൃച്ഛികമായി വീണുകിട്ടിയ സംഭവമാണ്. എല്‍ഡിഎഫിന് തെറ്റ് പറ്റിയിട്ടില്ല. തെളിവ് ഇല്ലാതെ തന്നെ ആളുകള്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. നിയോജകമണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. എന്നാല്‍ അതാണ് എല്ലാം എന്ന് കാണേണ്ടതില്ല. അതിശക്തമായ തിരിച്ചടി രാഹുല്‍ ഇവിടെ ഏറ്റുവാങ്ങും’.

പാലക്കാട് ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നു എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് ആവേശകരമായ കാര്യമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇ ശ്രീധരന് കിട്ടിയ വോട്ട് എന്തായാലും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടില്ല. എല്‍ഡിഎഫ് നല്ല രീതിയില്‍ മുന്നേറുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വളരെ ശക്തമായ അവമതിപ്പ് മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തിലുടനീളമുണ്ട്. ഇതൊക്കെ സ്വാഭാവികമായി വോട്ടായി മാറുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!