പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടി  അത്തംനാൾ അംബിക തമ്പുരാട്ടി തീപ്പെട്ടു

പൂഞ്ഞാർ : പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി.വി. രാജയുടെ സഹോദരിയുമായ അത്തംനാൾ അംബിക തമ്പുരാട്ടി (98) തീപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരളവർമ്മയാണ് ഭർത്താവ്.

പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും പുത്രിയായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥയിലുള്ള എസ്.എം.വി . സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പത്താം ക്ലാസ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി.

ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയിൽ  പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണൽ ജി.വി. രാജാ, ആലക്കോട് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പി.ആർ. രാമവർമ്മ രാജാ, പി. കേരളവർമ്മ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്.

2010 ജൂൺ മാസം മുതൽ പൂഞ്ഞാർ കോവിലത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്‌കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം വലിയ പാണ്ഡിത്യം ഉണ്ടായിരുന്ന തമ്പുരാട്ടി നല്ല കലാസ്വാദകയും കൂടിയായിരുന്നു. സംഗീതം, കഥകളി, വാധ്യമേളങ്ങൾ തുടങ്ങിയ പരമ്പരാഗത കലകളെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

മക്കൾ: പി.കെ. പ്രതാപവർമ്മ രാജാ (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ, ആർ എസ് എസ് ഇരിഞ്ഞാലക്കുട സംഘചാലക് ), ഉഷാവർമ്മ (രാഷ്ട്ര സേവികാ സമിതി മുൻ പ്രാന്ത സംഘചാലിക ),  രാധികാവർമ്മ (തൃപ്പൂണിത്തുറ നഗരസഭാ അമ്പലം വാർഡ് കൗൺസിലർ),  ജയശ്രീ വർമ്മ., പരേതയായ പത്മജാ വർമ്മ.
മരുമക്കൾ: സുജാത വർമ്മ (തൃപ്പൂണിത്തറ കോവിലകം), ജയപ്രകാശ് വർമ്മ (റിട്ട. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ, തൃപ്പൂണിത്തുറ കോവിലകം), സുധാകര വർമ്മ (കിളിമാനൂർ കൊട്ടാരം), കെ. മോഹനചന്ദ്ര വർമ്മ (കോയിക്കൽ മഠം തൃപ്പൂണിത്തുറ),  പരേതനായ കേരളവർമ്മ കൊച്ചപ്പൻ തമ്പുരാൻ (തൃപ്പൂണിത്തറ കോവിലകം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!