കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ, ആശ്വസിപ്പിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നൈസമോളിന്റെ ചിത്രങ്ങള്‍ ആരും മറന്നുകാണില്ല. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിതാവിനെയും സഹോദരങ്ങളെയും അടക്കം കുടുംബത്തിലെ അഞ്ചുപേരെ നഷ്ടമായ ഈ മൂന്ന് വയസുകാരി ആശുപത്രി വിട്ടു. മേപ്പാടി നെല്ലിമുണ്ട സ്‌കൂള്‍പടിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയത്.
വയനാട് ദുരന്തത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ കാണാന്‍ നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോഴാണ് നൈസമോളെ ശ്രദ്ധിച്ചത്. ഓടിയെത്തിയ മോദിയുടെ താടിയില്‍ പിടിച്ച് കുറുമ്പ് കാട്ടിയ ഈ കൊച്ചുമിടുക്കി എല്ലാവരെയും കൈയിലെടുത്തു. കുട്ടിയുടെ കുറുമ്പിനൊപ്പം മോദിയും നിന്നുകൊടുത്തു. അതിനിടെ കാര്യങ്ങള്‍ ചോദിച്ചറിയാനും മോദി മറന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.
താത്കാലിക വീട്ടിലെത്തിയ നൈസമോള്‍ക്ക് പുത്തന്‍ ബാഗുമായി ഉടന്‍ തന്നെ അങ്കണവാടിയിലേക്ക് പോകണമെന്നാണ് ആഗ്രഹം. പിതാവും സഹോദരങ്ങളും അടക്കം അഞ്ചുപേരെ നഷ്ടപ്പെട്ട നൈസമോളുമായി എത്രനാള്‍ വാടകവീട്ടില്‍ കഴിയാന്‍ ആകുമെന്ന പരിഭവത്തിലാണ് ഉമ്മ ജസീല.