മോദി @3.0 , സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രത്തലവന്മാർ ഇന്ന് മുതൽ എത്തിത്തുടങ്ങും

ന്യൂഡൽഹി: എൻഡിഎ നേതൃത്വത്തിലുള്ള മൂന്നാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ (ഞായർ) വൈകിട്ട് 7.15 ന് നടക്കും. രാഷ്ട്രപതി ഭവൻ്റെ നടുമുറ്റത്ത് പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലും ശ്രീലങ്കൻ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെയും നാളെ രാജ്യ തലസ്ഥാനത്ത് എത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൻ‌ഡിഎ സഖ്യത്തിന്‍റെ വിജയത്തെ നേപ്പാള്‍ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി, പുഷ്പ കമാല്‍ ദഹലിനെ ടെലിഫോണില്‍ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു.

മോദിയുടെ ക്ഷണം സ്വീകരിച്ച പുഷ്പ കമാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തില്‍ ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റനില്‍ വിക്രമസിംഗെയും മോദിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു. തുടർന്നാണ് മോദി റനില്‍ വിക്രമസിംഗെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചത്.  പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ധാക്കയില്‍ നിന്ന് പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!