പനി ബാധിച്ച് മരിച്ചു; അർധരാത്രിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. പനി ബാധിച്ച് എഴുപതുകാരിയായ ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പനി ബാധിച്ചെത്തിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്.ഉമൈബാക്ക് ആശുപത്രിയിൽ വേണ്ട പരിചരണം നൽകിയില്ലെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

25 ദിവസം മുമ്പ് പനി ബാധിച്ച് നടന്നാണ് ഉമൈബ ആശുപത്രിയിൽ എത്തിയത്. വാർഡിൽ അഡ്മിറ്റ്‌ ചെയ്ത ശേഷം പിന്നീട് അസുഖം മൂർച്ഛിച്ചു. തലച്ചോറിൽ അണുബാധ ഉണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉമൈബയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ടോടെയാണ് ഉമൈബ മരിച്ചത്.

ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അറിയിച്ചത്. തുടർന്നായിരുന്നു പ്രതിഷേധം. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!