ന്യൂഡൽഹി : സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷനായി ഇന്നലെ വീണ്ടും ചുമതലയേറ്റ കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച സുധാകരനോട് ഡൽഹിയിലെത്താൻ പാർട്ടി ദേശീയ നേതൃത്വം നിർദ്ദേശിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളോട് പാർട്ടിയിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ നടത്തരുത് എന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്തപ്പോൾ പ്രധാന നേതാക്കളുടെ അഭാവം ചർച്ചയായിരുന്നു.
താൽക്കാലിക അധ്യക്ഷപദവി വഹിച്ച എം എം ഹസ്സന്റെയും, പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും അഭാവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇരുവർക്കും എതിരെ സുധാകരൻ പരിഹാസവും ഉയർത്തിയിരുന്നു. കാര്യങ്ങൾ ഇത്തരത്തിൽ കൈവിട്ടു പോകാതിരിക്കാനാണ് ഹൈക്കമാൻഡ് അടിയന്തര ഇടപെടൽ നടത്തുന്നത്.
കണ്ണൂരിൽ സ്ഥാനാർഥിയായതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ ചുമതല കെ സുധാകരൻ എം എം ഹസ്സന് കൈമാറിയത്. കെ സി വേണുഗോപാൽ അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ഈ തീരുമാനം. എന്നാൽ പോളിംഗ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പദവി മടക്കി നൽകാൻ ഹസൻ തയ്യാറായില്ല. ഡൽഹിയിൽ നിന്ന് നിർദ്ദേശം വരുന്നതുവരെ കാത്തിരിക്കാൻ വേണുഗോപാലും, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സുധാകരനോട് നിർദ്ദേശിക്കുകയും ചെയ്തു.
സുധാകരനെ പദവിയിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് സംശയം സുധാകരൻ ക്യാമ്പിലും ഇതോടെ ഉടലെടുത്തു. പിന്നാലെ തന്നെ കടുത്ത സമ്മർദ്ദം അഖിലേന്ത്യാ നേതൃത്വത്തിന് മേൽ ചുമത്തിയാണ് സുധാകരൻ അധ്യക്ഷ പദവിയിലേക്ക് തിരികെ എത്തിയത്. സുധാകരനോട് നീതികേട് കാട്ടരുത് എന്ന് എ കെ ആന്റണി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആന്റണിയുടെ ഇടപെടലാണ് സുധാകരന് പദവി തിരികെ ലഭിക്കാൻ കാരണമായതെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തലുകൾ ഉണ്ട്. ഇന്നലെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് സുധാകരൻ കെപിസിസി ആസ്ഥാനത്തെത്തി വീണ്ടും ചുമതലയേറ്റത്.
വിഡി സതീശൻ അടക്കമുള്ള മറ്റു നേതാക്കൾ ആരോടെങ്കിലും ഡൽഹിയിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സമയത്തും, ജന ജാഗ്രത യാത്രയ്ക്കിടയിലും സുധാകരൻ സതീശൻ പോര് മറ നീക്കി പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ അത് സുധാകരന്റെ വീഴ്ച മാത്രമാവില്ല സതീശന്റെ കൂടി വീഴ്ചയായി കണക്കാക്കണമെന്നും നിയമസഭ കക്ഷി നേതൃസ്ഥാനത്തും മാറ്റം ഉണ്ടാവണമെന്നും ആവശ്യപ്പെടുന്ന ഒരു വിഭാഗവും കോൺഗ്രസ് പാർട്ടിക്കുള്ളിൽ സജീവമാണ്.