ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി. ലോക്കല്‍ വിപണിയിലെ വിതരണത്തിനായി ഫാക്ടറിയില്‍ തയ്യാറാക്കിയ ഗരം മസാല അടക്കമുള്ള വ്യാജ മസാലപ്പൊടിയാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഫാക്ടറിയുടെ ഉടമസ്ഥര്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ കരവാല്‍നഗര്‍ ഏരിയയിലെ ഫാക്ടറിയില്‍ നിന്നാണ് വ്യാജ മസാലപ്പൊടി പിടികൂടിയത്. മസാലപ്പൊടി തയ്യാറാക്കാന്‍ ഉപയോഗിച്ച ചേരുവകകളും ഇതില്‍ ഉള്‍പ്പെടുന്നു. ചീഞ്ഞളിഞ്ഞ ഇലകളും അരിയും, കേടായ തിന, അറക്കപ്പൊടി, ആസിഡുകള്‍, വ്യാജ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എണ്ണകള്‍ എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു. ഫാക്ടറിയില്‍ വ്യാജ മസാലപ്പൊടി തയ്യാറാക്കി വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കവേ, പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് പറയുന്നു.