തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാദ്ധ്യതയുള്ള പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ആണ് അലർട്ടുള്ളത്.
പാലക്കാട് ഓറഞ്ച് അലർട്ടാണ്. തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്നലെ ജില്ലയിൽ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. തൃശ്ശൂരിൽ 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയിലും ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്തിരുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ വെയിൽ നേരിട്ട് ശരീരത്തിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലുള്ളവർ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം. ഉയർന്ന ചൂട് നിർജ്ജലീകരണത്തിന് കാരണം ആകും. അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം എന്നും അധികൃതർ കൂട്ടിച്ചേർത്തു.