തിരുവനന്തപുരം: റോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ആരോപണം തള്ളി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു.
താന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. താന്‍ ലഹരി ഉപയോഗിച്ചിട്ട് കവര്‍ വലിച്ചെറിഞ്ഞെന്നാണ് പറയുന്നത്. അവരാരെങ്കിലും വലിച്ചെറിഞ്ഞിട്ട് എന്റെ തലയില്‍ വെക്കുന്നതാകും. എനിക്കെതിരെ വേറെ കേസുകളൊക്കെയുണ്ടെന്ന് പറയുന്നു. എല്ലാം തെളിയിക്കട്ടെ. അവര്‍ അവരുടെ അധികാരം കാണിക്കുകയാണെന്നും യദു പറയുന്നു.
മേയറും കൂട്ടരും എന്റെയടുത്താണ് മോശമായി പെരുമാറിയത്. എല്ലാ വീഡിയോയിലും അതുണ്ട്. താല്‍ക്കാലിക ജോലിക്കാരനാണെങ്കിലും ഡ്യൂട്ടിയിലിരിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. എന്റെയടുത്താണ് മോശമായി പെരുമാറിയത്. അവര്‍ മേയര്‍ ആണെന്നൊന്നും അറിയില്ലായിരുന്നു. ഒരു സാധാരണ ലേഡി എന്നുള്ള ബഹുമാനം അവര്‍ക്ക് നല്‍കിയിരുന്നു.
ഒരു മുണ്ടുടുത്ത ചേട്ടന്‍ ബസിന്റെ ഡോറില്‍ ഇടിക്കുകയായിരുന്നു ഹൈഡ്രോളിക് ഡോര്‍ ആയതുകൊണ്ട് ഞാന്‍ വിചാരിച്ചാലല്ലേ പറ്റൂ. മുന്നോട്ടെടുക്കണമെങ്കില്‍ ഡോര്‍ തുറക്കാന്‍ പറഞ്ഞു. ഡോര്‍ തുറന്നപ്പോള്‍ അകത്തു കയറി. അത് എംഎല്‍എയാണെന്നും മേയറുടെ ഭര്‍ത്താവാണെന്നും പിന്നീട് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. തനിക്കെതിരെ കേസുകളുണ്ടെങ്കില്‍ സ്‌റ്റേഷനില്‍ കാണുമല്ലോ. യാത്രക്കാര്‍ ആരും പരാതി കൊടുത്തിട്ടില്ല. മന്ത്രി വിളിച്ചു ചോദിച്ചപ്പോള്‍ യാത്രക്കാരെല്ലാം സപ്പോര്‍ട്ടാണ് ചെയ്തത്.
അവര്‍ പറയുന്നത് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ മേയറല്ല, കലക്ടറല്ല, ഐഎഎസുകാരനുമല്ല, ഒന്നുമല്ല. എന്നെക്കുറിച്ച് എന്തു പറഞ്ഞാലും അവരു പറയുന്നതേ നാട്ടുകാര്‍ കേള്‍ക്കുകയുള്ളൂ. അവര്‍ ഒരു ജനപ്രതിനിധിയല്ലേ. അവര്‍ പറയുന്നതേ കേള്‍ക്കാന്‍ ആളുള്ളൂ. അതുകൊണ്ടാണല്ലോ ജോലിയില്‍ കയറേണ്ടെന്ന് പറഞ്ഞത്. എന്റെ ഭാഗത്ത് തെറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് രാവിലെ വിളിച്ചു പറഞ്ഞുവെന്നും യദു പറഞ്ഞു.
രാത്രി 12.15 ന് പൊലീസില്‍ താന്‍ പരാതി എഴുതി കൊടുത്തതാണ്. എന്നാല്‍ പൊലീസ് പരാതി മാറ്റിവെച്ചിരിക്കുകയാണ്. പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പരാതി കൊടുത്തതാണ്. സ്റ്റേഷനിലെ സിസിടിവി കാമറയില്‍ പരാതി കൊടുത്തതിന്റെ വീഡിയോ കാണുമല്ലോ. രാത്രി പത്തര തൊട്ട് രാവിലെ പത്തര വരെ സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്ന് യദു പറഞ്ഞു.
നിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ പോലും മേയറെ വിളിച്ച് സോറി പറയാന്‍ പൊലീസുകാര്‍ പറഞ്ഞു. നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ, അവരെ എതിര്‍ക്കാന്‍. അവര്‍ക്ക് പവറുണ്ട്. നീ വെറും താല്‍ക്കാലിക ജീവനക്കാരന്‍ മാത്രമാണ്. നീ വിളിച്ച് സോറി പറ എന്നു പൊലീസുകാര്‍ പറഞ്ഞു. അതു പ്രകാരം മേയറെ വിളിച്ച് സോറി പറഞ്ഞപ്പോള്‍ വളരെ മോശമായാണ് പ്രതികരിച്ചതെന്ന് യദു പറഞ്ഞു. കാര്‍ ബസിന് കുറുകെയിട്ടത് മേയറാണ്. അത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യദു കൂട്ടിച്ചേര്‍ത്തു.
ഡ്രൈവര്‍മാരെല്ലാം പോയി പറഞ്ഞപ്പോള്‍, മേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. നമ്മള്‍ സാധാ ജനം ആയതുകൊണ്ടാണ്. ഞാനൊരു കലക്ടറായിരുന്നെങ്കില്‍ മാഡത്തിന്റെ പരാതിക്കു മുമ്പേ എന്റെ പരാതി സ്വീകരിച്ചേനെ. ഇതിപ്പോ ഞാനൊരു താല്‍ക്കാലിക ജീവനക്കാരനല്ലേ.
ഞാനൊരു സ്ഥിരം ജീവനക്കാരനായിരുന്നെങ്കില്‍ ടെര്‍മിനേറ്റ് ചെയ്ത്, അപ്പോള്‍ തന്നെ പറഞ്ഞുവിട്ടേനെ. മീഡിയ ഇല്ലായിരുന്നെങ്കില്‍ അവരെന്നെ വലിച്ചുകീറിയേനെയെന്നും യദു പറഞ്ഞു.
എനിക്ക് ഇപ്പോള്‍ ഭീഷണിയുണ്ട്. തെരഞ്ഞെടുപ്പ് ആയതിനാലാണ് മിണ്ടാതിരിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞത്. സേഫ്റ്റി എന്ന നിലയില്‍ കേസു കൊടുത്തോളാന്‍ കൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. അക്രമമല്ലേ, നമ്മള്‍ വാ തുറന്നാല്‍ നമ്മളെ ഇല്ലാതാക്കും. എന്നെ ഇല്ലായ്മ ചെയ്താലും കുഴപ്പമില്ല. എന്റെ കുട്ടിയെ നോക്കിയാല്‍ മതിയെന്നും യദു കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്.