പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ്ഷോ, അതീവസുരക്ഷ, മാധ്യമങ്ങൾക്ക് നിയന്ത്രണം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ മോദി സംസാരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തൃശൂർ നഗരം ഒരിങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലുമായി മൂവായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിക്കുക.

ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.

തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക്. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി അറിയിച്ചു. അതിനിടെ ചില മതനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എംഎസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന വേദി പങ്കിടും.

നഗരസുരക്ഷ എസ്പിജി ഏറ്റെടുത്തിട്ടുണ്ട്.
പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ടാകും.

നായക്കനാലിൽ നിന്നും തേക്കിൻകാട് മൈതാനിയിലേക്കുള്ള കവാടം പൂർണമായും എസ്പിജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!