ബോക്സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു…

വാഷിംഗ്ടൺ : അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. കുടുംബമാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാംപ്യനുമായിരുന്നു അദ്ദേഹം. 19 വയസ്സുള്ളപ്പോൾ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തിൽ ഹെവിവെയ്റ്റ് സ്വർണ്ണ മെഡൽ നേടിയിരുന്നു ഫോര്‍മാന്‍.

റിങ്ങിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ 1968ൽ ഒളിമ്പിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. 1973ൽ അന്നത്തെ പ്രമുഖ ബോക്സറായിരുന്ന ജോ ഫ്രേസിയറെ തോൽപ്പിച്ചതോടെ ഫോർമാന്റെ ഖ്യാതിയേറി. എന്നാൽ തൊട്ടടുത്ത വർഷം ‘റമ്പ്ൾ ഇൻ ദ് ജംഗ്ൾ’ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ മുഹമ്മദലിയോട് പരാജയപ്പെട്ടു.

1977ൽ ജിമ്മി യങ്ങുമായുള്ള മത്സരത്തിൽ തോറ്റതോടെ പ്രഫഷനൽ ബോക്സിങ്ങിൽനിന്ന് ഇടവേളയെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം റിങ്ങിലേക്ക് തിരിച്ചെത്തിയ ഫോർമാൻ പിന്നീടു നടത്തിയ മുന്നേറ്റം കാ‍യിക പ്രേമികൾക്ക് വിസ്മയമായി. 1994ൽ 46-ാം വയസ്സിൽ, തോൽവി അറിയാതെ മുന്നേറിയ മൈക്കൽ മൂററിനെ തോൽപ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ഏവരെയും ഞെട്ടിച്ച ഈ പ്രകടനത്തിലൂടെ ലോക ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഫോർമാന് സ്വന്തമായി. 1960കളിൽ തുടങ്ങിയ കരിയർ 1997ലാണ് ഫോർമാൻ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!