ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ നല്ലകാലം; നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സതീശന്‍

കണ്ണൂര്‍ : കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍ കൊടുക്കുകയാണ് പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. അത് തന്റെ നാവില്‍ നിന്ന് പുറത്തുവരില്ലെന്നും തന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ പറയുമെന്നും സതീശന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം കോണ്‍ഗ്രസിലുണ്ട്. ജനാധിപത്യപാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. പിണറായി കോഴൂര്‍ കനാല്‍ക്കരയില്‍ തകര്‍ക്കപെട്ട പ്രിയദര്‍ശിനി മന്ദിരം ആന്‍ഡ് സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംങ് റൂം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും യുഡിഎഫും   ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. അത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ടെതാണ്. ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും നല്ലകാലമാണ്. അതിനിടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങളില്‍ എല്ലാവര്‍ക്കും മറുപടി നല്‍കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.

മാടായി കോളജിലെ നിയമനവിവാദവുമായി ഉണ്ടായത് ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മാടായി കോളജ് വിഷയം സംബന്ധിച്ചു എംകെ രാഘവന്‍ എംപി തന്നോട് സംസാരിച്ചിരുന്നു. ഇന്ന് രാവിലെ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ വിഷയം ഉടന്‍ കെപിസിസി പരിഹരിക്കുമെന്ന് സതീശന്‍ പറഞ്ഞു. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. താന്‍ പയ്യന്നൂരില്‍ പോകണോ വേണ്ടയോ എന്് തീരുമാനിക്കേണ്ടത് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നല്ല ആ വിചാരം അങ്ങ് കൈയ്യില്‍ വെച്ചാല്‍ മതി. എംവി ജയരാജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാം പറഞ്ഞു. അദ്ദേഹത്തിന് മറുപടി പറയലല്ല തന്റെ പണിയൊന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നാട്ടില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് അവകാശം നല്‍കുന്നില്ല ഇതിന്റെ ഭാഗമായാണ് കനാല്‍ക്കരയില്‍ കോണ്‍ഗ്രസ് മന്ദിരം കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന ദിവസം തകര്‍ത്തത്. മുഖ്യമന്ത്രി അധികാരത്തിന്റെ അഹങ്കാരം അവസാനിപ്പിച്ചേ മതിയാകൂ. സിപിഎം ഈ സംഭവത്തെ ൃതള്ളിപ്പറയണം. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന്പറയുന്ന സ്ഥിരം മറുപടി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇതു ഗൗരവകരമായാണ് കാണുന്നത്. അതുകൊണ്ടാണ് താന്‍ സ്ഥലം സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!