കോട്ടയം : റെയിൽവേ കോച്ചിങ് ടെർമിനലിനായി വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യറാകണമെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി അഡ്വ. ജോർജ് കുര്യൻ സ്ഥലം ലഭിച്ചാൽ ടെർമിനൽ നിർമ്മിക്കാൻ റെയിൽവേ തയ്യറാണെന്ന് അറിയിച്ചിരുന്നു.
പിറവം റോഡ് റെയിൽവേ സ്റ്റേഷൻ്റെ ഇരുവശങ്ങളിലും സംസ്ഥാന സർക്കാറിൻ്റെ ഉടമസ്ഥതയിൽ സ്ഥലം ഉണ്ട്. പഴയ എച്ച് എൻ എൽ വക സ്ഥലം ഇപ്പോൾ സംസ്ഥാന സർക്കാർ ഏജൻസിയായ കിംഫ്രാ യുടെ കൈവശമാണ്. വെള്ളൂർ വില്ലേജിൽ 700 ഏക്കർ സ്ഥലമുണ്ട് ഇത്. ഇതിൽ നിന്ന് 25 ഏക്കർ സ്ഥലം റയിൽവേക്ക് കൈമാറണമെന്ന് ബിജുകമാർ ആവശ്യപ്പെട്ടു.
ദീർഘദൂര ട്രയിനുകൾ കോട്ടയത്തു നിന്നും സർവ്വീസ് ആരംഭിക്കണമെന്നും കോച്ചിങ് ടെർമിനൽ വേണമെന്നും ആവശ്യപ്പെടുന്ന എം പിമാരായ അഡ്വ. കെ.ഫ്രാൻസിസ് ജോർജും , ജോസ് കെ.മാണിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും ഇതിനായി മുൻകൈയ്യെടുക്കണ മെന്നും ബിജുകുമാർ പറഞ്ഞു.