പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ


പാലക്കാട് : വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞുതായി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ല. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ അത് ഫലം കണ്ടില്ല.

വഖഫ് ബോർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷം സ്വീകരിച്ച നിലപാട് പോളിംഗ് ശതമാനത്തിൽ പ്രതിഫലിച്ചു. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ വിഭാഗം വോട്ട് ചെയ്യാൻ എത്തിയില്ല. മുനമ്പം വിഷയത്തിൽ ഉൾപ്പെടെ യുഡിഎഫ് കാണിക്കുന്ന വഞ്ചനയും എൽഡിഎഫിന്റെ തെറ്റായ സമീപനവും ഈ കാര്യത്തിൽ നിർണായകമായി.

തങ്ങൾ രണ്ടാംനിര പൗരന്മാരായി മാറിയെന്ന ചിന്ത ക്രൈസ്തവർക്ക് ഉണ്ടായി. ന്യൂനപക്ഷ അവകാശങ്ങൾ എന്നത് മുസ്ലിങ്ങൾക്ക് മാത്രമായി ഒതുങ്ങിയത് ക്രൈസ്തവർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു മുനിസിപ്പൽ ചെയർമാൻ വഖഫ് ബോർഡിന്റെ ഭൂമി കൈയേറി എന്ന് അവർ പറഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന് നോട്ടീസ് നൽകാൻ പോലും തയ്യാറായിട്ടില്ല. അതേസമയം ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും തുടർച്ചയായി നോട്ടീസുകൾ അയക്കുകയാണ് വഖഫ് ബോർഡ് ചെയ്യുന്നത്.

കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫും യുഡിഎഫും തുല്യ പരിഗണന നൽകുന്നില്ല. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ 80:20 ആണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ഇത് തുല്യനീതിയുടെ ലംഘനമാണ്. ന്യൂനപക്ഷ സമുദായങ്ങളെ രണ്ടുകണ്ണിലൂടെയാണ് യുഡിഎഫും എൽഡിഎഫും കാണുന്നത്. രണ്ടാനമ്മയുടെ മക്കളായാണ് ക്രൈസ്തവ സമൂഹത്തെ യുഡിഎഫും എൽഡിഎഫും കാണുന്നത്.

ചേലക്കരയിലും ചെറിയ ശതമാനം പോളിംഗ് കുറവ് വന്നത് ക്രൈസ്തവ കേന്ദ്രങ്ങളിലാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ഏകോപിപ്പിക്കുന്നതിന്റെ വേണ്ടി പാലക്കാട് ജനാധിപത്യവിരുദ്ധമായ സമീപനമാണ് രണ്ടുമൂന്നണികളും സ്വീകരിക്കുന്നത്. വ്യാപകമായി കള്ള പ്രചരണങ്ങൾ നടത്തുകയാണ് എൽഡിഎഫ് യുഡിഎഫും. അധികാരവും പണവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറക്കാനുള്ള നീക്കമാണ് യുഡിഎഫും എൽഡിഎഫും നടത്തുന്നത്.

പുറമേ പരസ്പരം മത്സരിക്കുകയും അകത്ത് രഹസ്യ അജണ്ടയുമാണ് രണ്ടുകൂട്ടർക്കുമുള്ളത്.
പാലക്കാട് ദേശീയ ജനാധിപത്യ സത്യത്തിന്റെ സ്ഥാനാർത്ഥി വിജയിക്കുമെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമത്വത്തിന് ശ്രമിക്കുകയാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!