‘എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ?’; സീപ്ലെയിന്‍ പദ്ധതി വളര്‍ച്ചയുടെ ഭാഗമെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: സി പ്ലെയിന്‍ പദ്ധതിയില്‍ എഐടിയുസിയുടെ എതിര്‍പ്പ് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതെല്ലാം പൊതുവായിട്ടുള്ള വളര്‍ച്ചയുടെ ഭാഗമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. അത് ആ അര്‍ത്ഥത്തില്‍ തന്നെ, ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടും. എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

ഒരു കാലത്ത് സിപിഎം എതിര്‍ത്തതാണല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘അങ്ങനെയിപ്പോള്‍ ഓരോന്ന് പുതിയ രീതിയില്‍ വന്നുകൊണ്ടിരിക്കുകയല്ലേ. വന്നുകൊണ്ടിരിക്കുന്ന എല്ലാത്തിനേയും എതിര്‍ക്കാന്‍ പറ്റുമോ എല്ലാക്കാലത്തും?’. അതാണ് താന്‍ പറയുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ആവേശകരമായ പ്രചാരണ പരിസമാപ്തിയാണ് ചേലക്കര, വയനാട് മണ്ഡലങ്ങളില്‍  ഇടതുമുന്നണി സംഘടിപ്പിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും ചേലക്കര അസംബ്ലി മണ്ഡലത്തിലേയും വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകുകയാണ്. വന്‍ ഭൂരിപക്ഷത്തോടെ ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ജയിക്കും. വയനാട്ടില്‍ അതിശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയിട്ടുള്ളത്. നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കാണുന്നത്.  

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ ഏറ്റവും ആവേശം നിറഞ്ഞത് പാലക്കാടാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സരമാണ് പാലക്കാട്ടേത്. ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതു മുതല്‍ പാലക്കാട് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഈ പോരാട്ടത്തില്‍ പി സരിന് നല്ല നിലയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!