കണ്ണൂർ : പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരുമെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം.
ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരൻ വിമര്‍ശിക്കുന്നു. നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ നടപടി. ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടിയെന്നും കെ സുധാകരൻ വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യയെ ഇന്നലെയാണ് പാര്‍ട്ടി തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.
സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.